Thursday 1 December 2011

മലയാളത്തിന് മധു പകര്‍ന്ന സംഗീതപൌര്‍ണമി




എസ് അജോയ്

ഒരൊറ്റ ഗാനം മതിയായിരുന്നു അവര്‍ക്ക് മലയാളികളുടെ മനസില്‍ ഇടം നേടാന്‍. നാല്‍പ്പതു വര്‍ഷത്തിനു ശേഷവും ആ ഗാനം  മലയാളികളുടെ മനസില്‍ മലര്‍ ചൊരിഞ്ഞു നില്‍ക്കുകയാണ്, നീലനിലാവൊളി പോലെ. അതേ, പറഞ്ഞു വരുന്നത് 'നീ മധു പകരൂ മലര്‍ ചൊരിയൂ അനുരാഗ പൌര്‍ണമിയേ' എന്ന നിത്യ ഹരിതഗാനത്തെ കുറിച്ചാണ്. 1969 ല്‍ ഇറങ്ങിയ 'മൂടല്‍മഞ്ഞ്' എന്ന ചിത്രത്തിനു വേണ്ടി പി ഭാസ്ക്കരന്‍ രചിച്ച് യേശുദാസ് പാടിയ ഗാനം. ഈ പാട്ടിന് ഈണം പകര്‍ന്ന ഉഷാഖന്നയെപ്പറ്റി പുതിയ തലമുറയിലെ എത്ര പേര്‍ക്കറിയാം?
'മൂടല്‍ മഞ്ഞി'ല്‍ 'നീ മധു പകരൂ' എന്ന ഗാനത്തിനു പുറമെ 'മാനസ മണി വേണുവില്‍ ഗാനം പകര്‍ന്നൂ ഭവാന്‍', ഉണരൂ വേഗം നീ, കളവാണീ, വന്നു നായകന്‍', 'മുകിലേ വിണ്ണിലായാലും കണ്ണീരു തൂകും നീ' എന്നീ മനോഹര ഗാനങ്ങള്‍ പാടിയത് എസ് ജാനകിയാണ്. 'കവിളിലെന്തേ കുങ്കുമം, കണ്ണിലെന്തേ സംഭ്രമം' എന്ന ഗാനംആലപിച്ചത് ബി വസന്തയും.ഗ്വാളിയോറില്‍ ജനിച്ച ഉഷാഖന്ന മലയാളത്തനിമയുള്ള ഈ പാട്ടുകളിലൂടെയാണ് കേരളത്തിനു സ്വന്തമായത്. 19 വര്‍ഷങ്ങള്‍ക്കു ശേഷം 'ആദ്യപാപം' എന്ന ചിത്രത്തിനു വേണ്ടി രണ്ടു പാട്ടുകള്‍ക്ക് ഈണം പകര്‍ന്നു.  1991 ല്‍ 'അഗ്നിനിലാവി'നു വേണ്ടി യേശുദാസും ചിത്രയും പാടിയ ആറു പാട്ടുകള്‍. വയലാര്‍ മാധവന്‍കുട്ടിയായിരുന്നു പാട്ടെഴുത്തുകാരന്‍.2002ല്‍ യൂസഫലികേച്ചേരിക്കൊപ്പം 'പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച'ക്കായി 11 പാട്ടുകള്‍. ഇതില്‍ 'ആറ്റും മണിമേലെ ഉണ്ണിയാര്‍ച്ച'എന്ന ചിത്ര യുടെ പാട്ട് ഏറെ ശ്രദ്ധേയമാണ്. കുഞ്ചാക്കോബോബനും ജോമോളുമായിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കള്‍. മൂടല്‍ മഞ്ഞിനു ശേഷം അവര്‍ സംഗീതം നല്‍കിയ മലയാള ഗാനങ്ങള്‍ മോശമായതു കൊണ്ടല്ല അവ ശ്രദ്ധിക്കപ്പെടാതെ പോയത്. പല ഗാനങ്ങളും മനോഹരമായിരുന്നു താനും.ചില പാട്ടുകളുടെ വിധി അങ്ങനെയാണ് എന്നു മാത്രമേ അതിനെക്കുറിച്ച് പറയാനാകൂ.
യേശുദാസിനൊപ്പം ബോളിവുഡില്‍
ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ബോളിവുഡ് അങ്കത്തിനൊപ്പം നില്‍ക്കാന്‍ രവീന്ദ്ര ജയിനിനും, സലില്‍ ചൌധരിക്കും നൌഷാദിനും, ജയദേവിനും, ബാപ്പി ലഹരിക്കുമൊപ്പം ഉഷയും ഉണ്ടായിരുന്നു. ഈ കൂട്ടുകെട്ടില്‍ നിരവധി മനോഹര ഗാനങ്ങള്‍ പിറന്നു. 'ദാദാ'യിലെ 'ദില്‍ കെ ടുക്ടെ ടുക്ടെ കര്‍ക്കെ' എന്ന ഗാനത്തിന് 1979ലെ മികച്ച ഗായകനുള്ള ഫിലിംഫെയര്‍ പുരസ്ക്കാരം യേശുദാസിന് നേടിക്കൊടുത്തു. സാജന്‍ ബിനാ സുഹാഗനിലെ'മധുബന്‍ ഖുശ്ബു ദേതാ ഹൈ','മസ്ദൂര്‍ സിദാബാദി'ലെ 'മേരി മുന്നി റാണി സോജാ, 'കാരണി'ലെ 'സാവന്‍ ആജ് ലഗായാ രേ',സോനേ കി ദില്‍ ലോഹേ കാ ഹാഥ് എന്ന സിനിമയിലെ അതേ പേരിലുള്ള ഗാനം എന്നിവ ദാസിന്റെ ഹിന്ദി ഗാനരത്നങ്ങളില്‍ അമൂല്യങ്ങളാണ്.
റഹ്മാന്റെ ആദരം
പൂര്‍ണമായ അര്‍ഥത്തില്‍ ഇന്ത്യയിലെ ഏക സംഗീത സംവിധായികയാണ് ഉഷാഖന്ന. അവരോടുള്ള ആദരം പ്രകടിപ്പിക്കാനാണ്്  1964 ല്‍ പുറത്തിറങ്ങിയ 'ശബ്നം' എന്ന ചിത്രത്തിലെ 'ഹര്‍ നസര്‍ കെ സൌ അഫ്സാനെ' എന്ന ഗാനം എ ആര്‍ റഹ്മാന്‍ 'ഹിന്ദുസ്ഥാനി' എന്ന കമലഹാസന്‍ ചിത്രത്തില്‍ 'ലട്കാ ദിഖാ ദിയാ' എന്ന പാട്ടായി വീണ്ടും കമ്പോസ് ചെയ്തത്.ശങ്കര്‍ സംവിധാനം ചെയ്ത, കേരളത്തില്‍ ഹിറ്റായ 'ഇന്ത്യന്‍' എന്ന സിനിമയുടെ ഹിന്ദി പതിപ്പാണ് 'ഹിന്ദുസ്ഥാനി'.
പങ്കജ് ഉദാസിന്റെ അരങ്ങേറ്റം
 പുതിയ ഗായകരെ അവതരിപ്പിക്കാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു അവര്‍ക്ക്. അനുപമ ദേശ്പാണ്ഡെ, ഹേമലത, മുഹമ്മദ് അസീസ്, രൂപ്കുമാര്‍ റാത്തോഡ്, ഷബീര്‍ കുമാര്‍ തുടങ്ങിയവര്‍ വരവറിയിച്ചത് ഉഷാഖന്നയുടെ പാട്ടുകളിലൂടെയാണ്.
പങ്കജ് ഉദാസെന്ന ഗസല്‍ മാന്ത്രികന്‍ ആദ്യമായി പാടുന്നത് ഉഷാഖന്നക്കു വേണ്ടിയാണ്. 1972ല്‍ 'കാംമ്ന' എന്ന ചിത്രത്തിനു വേണ്ടി. 'തും കഭീ സാംനേ ആജാവോ തോ പൂഛേ തും സേ' എന്ന ഗാനം.നക്ഷ് ലയ്പുരിയുടെ മനോഹരമായ വരികളില്‍ പിറന്ന ഈ പാട്ട് ചിത്രം പുറത്തിറങ്ങാത്തതു മൂലം ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനു ശേഷം 1980ലാണ് ഉദാസിന്റെ ആദ്യ ഗസല്‍ ആല്‍ബം 'ആഹത്ത്' പുറത്തിറങ്ങിയത്.  വീണ്ടും ആറു വര്‍ഷത്തിനു ശേഷമാണ് സിനിമക്കു വേണ്ടി അദ്ദേഹം പാടിയത്. 1986ല്‍'  'നാം' എന്ന സിനിമയിലെ'ചിട്ടി ആയി ഹെ ആയി ഹെ ചിട്ടി ആയി ഹെ'എന്ന സൂപ്പര്‍ ഹിറ്റു ഗാനം.
മനോഹരമായ ഗാനങ്ങള്‍ മുഖമുദ്ര
 സ്ത്രീയായതിന്റെ ഒരു ആനുകൂല്യവും ഉഷാഖന്ന പിടിച്ചുപറ്റിയിട്ടില്ല. മനോഹരമായ ഗാനങ്ങള്‍ തന്നെയായിരുന്നു അവരുടെ മുഖമുദ്ര. മുഹമ്മദ് റാഫി അലിഞ്ഞു പാടിയ 'ഹം തും സെ ജുദാ ഹോ കേ മര്‍ ജായോം ഗേ രോ രോ കേ' ,തേരേ ഗലിയോം മേ രഖേം ഗേ സനം'എന്നീ ഗാനങ്ങള്‍ ആര്‍ക്ക് മറക്കാനാവും? 'ഹം ഹിന്ദുസ്ഥാനിയിലെ മുകേഷ് പാടിയ 'ഛോടോ കല്‍ കി ബാത്തേം കല്‍ കി ബാത്ത് പുരാനി',മന്നാഡേ പാടിയ 'ബാദലി'ലെ 'അപ്നേ ലിയേ ജീയേ തോ ക്യാ ജിയേ'  ആപ്തോ ഐസേ ന ഥേയിലെ 'തു ഇസ് തര്ഹാ മേരേ സിന്ദഗി മേ ശാമില്‍ ഹെ', സോത്തേണില്‍ കിഷോര്‍-ലതാ ടീമിന്റെ 'ചാന്ദ് കേ പാസ് ജോ സിത്താരാ ഹെ', 'ഷായദ് മേരി ഷാദി കാ ഖയാല്‍','സിന്ദഗി പ്യാര്‍ കാ ഗീത് ഹൈ' തുടങ്ങിയവ ചിലതു മാത്രം. മുഹമ്മദ് റഫി- ആശാ ഭോസ്ളെ-ഉഷാ ഖന്ന കൂട്ടുകെട്ട് ഒരു കാലഘട്ടത്തിലെ വിജയ ത്രയമായിരുന്നു.
എത്തിയത് പാട്ടുകാരിയാവാന്‍
ഔപചാരികമായി സംഗീതം അഭ്യസിക്കാത്ത ഉഷാഖന്നയുടെ അഛന്‍ മനോഹര്‍ ഖന്ന പാട്ടുകാരനും പാട്ടെഴുത്തുകാരനുമായിരുന്നു. പാട്ടുകാരിയാവാനായിരുന്നു ഉഷയുടെയും മോഹം. അങ്ങനെ അഛന്റെ കൂട്ടുകാരനായിരുന്ന പ്രശസ്ത സംഗീതസംവിധായകന്‍ ഒ പി നയ്യാര്‍, ഉഷയെ അക്കാലത്തെ പ്രമുഖ സിനിമാക്കാരനായ ശശ്ധര്‍ മുക്കര്‍ജിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. തുടര്‍ന്ന് ഉഷ അദ്ദേഹത്തെ പാടിക്കേള്‍പ്പിച്ച പാട്ടില്‍ ഒന്ന്  മുമ്പൊന്നും കേട്ടിരുന്നില്ലെന്ന് മുക്കര്‍ജി പറഞ്ഞപ്പോള്‍ അതു ഞാന്‍ തന്നെ ഈണം പകര്‍ന്നതാണെന്ന് ഉഷ വെളിപ്പെടുത്തി. ദിവസം രണ്ടുപാട്ട്വീതം താന്‍ കമ്പോസ് ചെയ്യാറുണ്ടെന്നും പതിനാറുകാരി വെളിപ്പെടുത്തി. അപ്പോള്‍ മുക്കര്‍ജി പറഞ്ഞു 'മകളേ, ഗായികയെന്ന നിലയില്‍ നിനക്ക് ലതയെയും ആശയെയും കവച്ചുവെയ്ക്കാനാവില്ല. നിന്റെ രംഗം സംഗീത സംവിധാനത്തിന്റേതാണ'്-അതായിരുന്നു തുടക്കം.
ഹിറ്റായ ദില്‍ ദേഖേ ദേഖോ'
ഏതാനും മാസങ്ങള്‍ക്കകം മുഖര്‍ജിയുടെ 'ദില്‍ ദേഖേ ദേഖോ'യെന്ന സിനിമയുടെ  സംഗീത സംവിധാനം ഉഷയെ ഏല്‍പ്പിച്ചു. 1959ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റുകളായി. ആശാപരേഖ് എന്ന അഭിനയപ്രതിഭയുടെയും ആദ്യ ചിത്രമായിരുന്നു 'ദില്‍ ദേഖേ ദേഖോ'.തുടര്‍ന്ന് 1961ല്‍ മുക്കര്‍ജിയുടെ തന്നെ 'ഹം ഹിന്ദുസ്ഥാനി'യിലെ ഗാനങ്ങളും ഉഷ കമ്പോസു ചെയ്തു. പിന്നെ അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഏക് സപേരാ ഏക് ലുടേരാ,ലാല്‍ബംഗ്ളാ,ഏക്രാത്, ആവോ പ്യാര്‍ കരേ', സാജന്‍ബിനാ സുഹാഗന്‍, സുല്‍ത്താന്‍, നിഷാന്‍, ബാദല്‍, ഹം ഹിന്ദുസ്ഥാനി, മുനീംജി, ഷബ്നം തുടങ്ങി ഇരുന്നൂറോളം ചിത്രങ്ങള്‍ക്കാണ് അവര്‍ ഈണം പകര്‍ന്നത്.
 പലപ്പോഴും  മികച്ച ബാനറുകളുടെ ചിത്രങ്ങള്‍  ഉഷക്ക് ലഭിച്ചിരുന്നില്ല. ബി, സി ഗ്രേഡ് ചിത്രങ്ങള്‍ക്ക് സംഗീതം പകരുമ്പോഴും ഉള്ളിലെ അഗ്നികെടാതെ അവര്‍ സൂക്ഷിച്ചിരുന്നു. ഉദാ. പ്യാസി ആംഖേ, ഖോജ്, ലൈല, പ്രീതി.... 1959 തുടങ്ങിയ സംഗീത സപര്യ 2003ല്‍ 'ദില്‍ പരദേശി ഹോ ഗയ'യില്‍ എത്തിനില്‍ക്കുന്നു. തുടര്‍ന്ന് സ്വയം പ്രഖ്യാപിതമായ ഒരു നിശബ്ദതയായിരുന്നു.അതിനെപ്പറ്റി അവര്‍ പറയുന്നു.
'പണ്ട് സംഗീതത്തില്‍ സംഗീതസംവിധായകന് സ്വതന്ത്രനായിരുന്നു. ഇന്ന് നിര്‍മാതാവും സംവിധായകനും വിപണി താല്‍പര്യങ്ങളുമെല്ലാം കടന്നുവന്നിരിക്കുന്നു. പലപ്പോഴും അവര്‍ പറയുന്നു അവര്‍ക്കാണ് സംഗീതമറിയാവുന്നതെന്ന്.' ഇന്ന് ടെലിവിഷന്‍ സീരിയലുകളിലാണ ്ഉഷക്ക് കൂടുതല്‍ താല്‍പര്യം.
പ്രശസ്ത സംഗീതസംവിധായകന്‍ സാവന്‍ കുമാറിനെയാണ് ഉഷാഖന്ന വിവാഹം കഴിച്ചത്. ഇരുവരും ചേര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കുകയും ചെയ്തു. എന്നാല്‍ ആ ദാമ്പത്യം രണ്ടുകൊല്ലമേ നീണ്ടൂള്ളൂ. പക്ഷേ വിവാഹമോചനത്തിനുശേഷവും സാവന്‍ കുമാര്‍ ചിത്രങ്ങള്‍ക്ക് ഉഷ സംഗീതം പകര്‍ന്നു. 'ദില്‍ പര്‍ദേശി ഹോഗയ' ഉദാഹരണം.സംഗീതത്തിനു കാല-ദേശ ഭേദങ്ങളില്ല എന്നുതു പോലെ  പ്രതിഭക്ക്  സ്ത്രീ-പുരുഷ വ്യത്യാസവുമില്ലെന്ന് തെളിയിക്കുന്നതാണ് ഉഷാഖന്നയുടെ സംഗീത ജീവിതം.
                                                                                

Tuesday 29 November 2011

പാടാത്ത പാട്ടുകാരി

ലതികയെന്ന ഗായികയെ പുതു തലമുറ ഓര്‍ക്കാന്‍ വഴിയില്ല. എന്നാല്‍ അവര്‍ പാടിയ പാട്ടുകള്‍ ഇന്നും മലയാളി മൂളൂന്നു. മലയാള ചലച്ചിത്ര ഗാനരംഗത്ത് സജീവ സാധിധ്യമായിരുന്ന ലതിക ഇന്ന് തിരുവനന്തപുരം സംഗീതകോളേജില്‍ സംഗീതാധ്യാപിക.



എസ് അജോയ്

ഓര്‍മ്മയുണ്ടോ ലതികയെ? മനോഹരമായ ഒരു പിടി ഗാനങ്ങള്‍ പാടി ദിക്കുമാറിപ്പറന്ന വിഷുപക്ഷിയെ..... ഓര്‍ക്കാനിടയില്ല. ഈ ശബ്ദത്തിന്റെ പുതുമ നമ്മള്‍ അനുഭവിച്ചിട്ട് കാലങ്ങളായി. കൃത്യമായി പറഞ്ഞാല്‍ 16 വര്‍ഷം. ഇപ്പോള്‍ ഇവര്‍ സിനിമാപാട്ട് പാടാറില്ല. ഇന്നവര്‍ കുട്ടികള്‍ക്കു പാട്ടു പറഞ്ഞുകൊടുക്കുകയാണ്്. തിരുവനന്തപുരം സംഗീതകോളേജില്‍ സംഗീതാധ്യാപികയായി കാലം കഴിക്കുമ്പോള്‍ നഷ്ടപ്പെട്ടതിനെ കുറിച്ചോര്‍ത്തൊന്നും ഒരു വേവലാതിയുമില്ല ഈ ശബ്ദ സൌകുമാര്യത്തിന്. 80കളുടെ അവസാനവും 90കളുടെ ആദ്യവുമായി ഇവര്‍ പാടിയ മനോഹരഗാനങ്ങള്‍നിരവധിയാണ്.
ജീവിതത്തിന്റെ ആകസ്മിതകളില്‍ ഇതുവരെ പകച്ചുപോയിട്ടില്ല ഈ ഗായിക. സംഗീത ലോകത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് രംഗം വിടാന്‍ തീരുമാനിച്ചത്.  തീരുമാനത്തില്‍ ഉറച്ചു നിന്നു.ഇപ്പോഴും ആ തീരുമാനം ശരിയാണെന്ന് ലതിക വിശ്വസിക്കുന്നു. കാതോടു കാതോരം 300ഓളം പാട്ടുകള്‍ നമുക്ക് പാടിത്തന്ന ലതികയുടെ ശബ്ദസൌകുമാര്യം ഇന്ന് സംഗീത വിദ്യാര്‍ഥികള്‍ക്ക് സ്വന്തം. 1994ല്‍ വെങ്കലത്തിലെ 'ഒത്തിരി ഒത്തിരി മോഹങ്ങള്‍' എന്ന പാട്ടാണ് അവസാനം പാടിയത്. ഇടയ്ക്കിടെ ചില ആല്‍ബങ്ങള്‍ക്കു പാടാറുമുണ്ട്.
' എല്ലാം ഈശ്വരനിശ്ചയമാണ്. പാട്ടു നിര്‍ത്തി പാലക്കാട് സംഗീത കോളേജില്‍ അധ്യാപികയായി ചേരുമ്പോള്‍ മദ്രാസില്‍ നിന്നു പോന്നതിലോ സിനിമാപാട്ട് നിര്‍ത്തിയതിലോ ആയിരുന്നില്ല  വിഷമം. ചേട്ടനെയും അമ്മയേയുമൊക്കെ പിരിയുന്നതിലായിരുന്നു'-സംഗീതകോളേജിലിരുന്ന് ലതിക പറഞ്ഞു. സര്‍ക്കാര്‍ ജോലി  നല്ല ഭാവിക്ക് വേണ്ടിയാണ് തെരഞ്ഞെടുത്തത്.വീട്ടുകാരാണ് അതു തീരുമാനിച്ചത്. ആ തീരുമാനം തെറ്റായിപ്പോയി എന്ന് ഒരിക്കലും തോന്നിയിട്ടില്ല.ഇനിയും ആരെങ്കിലും വിളിച്ചാല്‍ സിനിമയ്ക്ക് പാടാന്‍ മടിയില്ല. എന്നാല്‍ അങ്ങോട്ടുപോയി അവസരം ചോദിക്കില്ല. ഇതുവരെയും അങ്ങനെ ഇടിച്ചുകയറി അവസരമുണ്ടാക്കി പാടിയിട്ടില്ല. ഇനിയും അതിനു കഴിയില്ല. ചോദിക്കാതെ ആരും അവസരം തരുമെന്നും കരുതുന്നില്ല'.
എസ് ജാനകിക്കു ശേഷം ആര് എന്ന ചോദ്യത്തിനു മറുപടിയായിരുന്നു ഒരു കാലത്ത് ലതിക. 1976ല്‍ ഐവി ശശിയുടെ അഭിനന്ദനം എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം ' പുഷ്പ തല്‍പ്പത്തില്‍ നീ വീണുറങ്ങി' എന്ന പാട്ടോടെയായിരുന്നു തുടക്കം. അമരത്തിലെ 'പുലരേ പൂന്തോണിയില്‍', ചിലമ്പിലെ 'താരും തളിരും മിഴി പൂട്ടി', കാതോടു കാതോരത്തിലെ അതേ വാചകത്തില്‍ തുടങ്ങുന്ന പാട്ട്, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ 'മെല്ലെ മെല്ലെ', ഇത്തിരി പൂവേ ചുവന്ന പൂവേയിലെ 'പൊന്‍ പുലരൊളി പൂ വിതറിയ', വൈശാലിയിലെ 'ദുംദുഭി നാദം', ശ്രീകൃഷ്ണപരുന്തിലെ 'നിലാവിന്റെ പൂങ്കാവില്‍' തുടങ്ങിയ പാട്ടുകള്‍ അവരെ പ്രശസ്തിയിലേക്കുയര്‍ത്തി.
ഭരതന്‍ ചിത്രങ്ങളിലെ സ്ഥിരം ഗായികയായിരുന്നു ലതിക. ഭരതന്റെ ചാമരത്തില്‍ 'വര്‍ണ്ണങ്ങള്‍ ഗന്ധങ്ങള്‍' എന്ന പാട്ടില്‍ തുടങ്ങിയ ആ കൂട്ടുകെട്ട് നിരവധി അവിസ്മരണീയ ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ചു.'എന്നോട് പ്രത്യേക വാല്‍സല്യമായിരുന്നു ഭരതേട്ടന്. എന്റെ അനുജത്തി എന്നു പറഞ്ഞാണ് പരിചയപ്പെടുത്തുക. റെക്കോഡിങ്ങ് സമയത്ത് അധികം സംസാരമൊന്നുമില്ല. പക്ഷേ പാട്ടിനെക്കുറിച്ച് ശക്തമായ ഇഷ്ടാനിഷ്ടങ്ങള്‍ ഉള്ളയാളായിരുന്നു' ലതിക പറയുന്നു. രാഗങ്ങളെക്കുറിച്ചൊക്കെ പിടിപാടുണ്ടായിരുന്ന അപൂര്‍വം സംവിധായകരില്‍ ഒരാളായിരുന്നു ഭരതന്‍. അദ്ദേഹത്തോടൊപ്പം ജോലിചെയ്യാനായത് ഭാഗ്യം'.
നാലു പ്രശസ്ത സംഗീത സംവിധായകരുടെ ആദ്യ ചിത്രത്തില്‍ പാടാനായി എന്നത് ലതികയ്ക്കു സ്വന്തമായ അംഗീകാരം. രവീന്ദ്രനൊപ്പം ചൂളയിലും, ഔസേപ്പച്ചനൊപ്പം കാതോടുകാതോരത്തിലും, എസ്പി വെങ്കിടേശിനൊപ്പം രാജാവിന്റെ മകനിലും രാജാമണിക്കൊപ്പം ഗ്രാമത്തെ കിളി എന്ന തമിഴ് ചിത്രത്തിലും.
'വലിയ വലിയ ആളുകളെ പരിചയപ്പെടാനായി. ഒരുമിച്ചു ജോലി ചെയ്യാന്‍ കഴിഞ്ഞു. ദാസേട്ടന്‍, എസ്പി ബാലസുബ്രഹ്മണ്യം, പി ബി ശ്രീനിവാസ്,ദേവരാജന്‍ മാഷ്, രാഘവന്‍ മാഷ്.......അങ്ങനെ നിരവധിപേര്‍. ഇതാണ് വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നത്. ദാസേട്ടന്‍ പറഞ്ഞിട്ടാണ് അഡയാര്‍ സംഗീത കോളേജില്‍ പാട്ടു പഠിക്കാന്‍ ചേരുന്നത്. ജോലി കിട്ടാന്‍ കാരണമായതും ആ പഠനം തന്നെ. ഇന്നും കാണുമ്പോള്‍ വാല്‍സല്യം കൊണ്ടു മൂടും അദ്ദേഹം.'
'വിനയാന്വയതനാണ് എസ്എപി സാര്‍.ഒരിക്കല്‍ ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ പാടുന്നു. എസ് പി പറഞ്ഞു. ലതിക നന്നായി പാടി. എന്റേത് മോശമായി. എനിക്ക് ഒന്നുകൂടി പാടണം. ഒരു വലിയ ഗായകനായിട്ടും ആ ഭാവമില്ലാത്ത അദ്ദേഹം പുതിയ തലമുറയ്ക്ക് മാതൃകയാണ്.'
ലതിക പാടിയ ചില പാട്ടുകള്‍ അറിയപ്പെടുന്നത് മറ്റു ചില ഗായികമാരുടെ പേരിലാണ്. ഉദാഹരണത്തിന്് കാതോടുകാതോരം, പുലരെ പൂന്തോണിയില്‍, സായം സന്ധ്യ(ഈഗിള്‍) എന്നീ പാട്ടുകള്‍ ചിത്രയുടേതായാണ് പൊതുവെ അറിയപ്പെടുന്നത്. ദൂരദര്‍ശന്‍ ഒരു പരിപാടി അവതരിപ്പിച്ചപ്പോള്‍ മിന്നാനിനുങ്ങിന്റെ നുറുങ്ങുവട്ടത്തിലെ കണ്‍മണിയെ ആരാരിരോ..... എന്നപാട്ട് എസ് ജാനകിയുടെ പേരിലാണ് അവതരിപ്പിച്ചത്. ഇതൊന്നും സാരമില്ല എന്ന നിലപാടിലാണ് ലതിക.
കൊല്ലം ആശ്രാമം സ്വദേശിനിയായ ലതിക ചെറുപ്പം മുതല്‍ നന്നായി പാടുമായിരുന്നു. നന്നേ കുട്ടിക്കാലത്തു തന്നെ ഗാനമേളകളില്‍ സജീവ സാനിധ്യം. ചേച്ചിയും അന്ന് പാട്ടുകാരി. ചേട്ടന്‍ രാജേന്ദ്രബാബു കീബോര്‍ഡ് വായിക്കും. പാര്‍വതി മില്ലിലെ സാധാരണ ജീവനക്കാരനായിരുന്നു അഛന്‍ സദാശിവന്‍ ഭാഗവതര്‍.  ഗാനമേളകളില്‍ നിരന്തരം പാടി ലതികയ്ക്ക് തഴക്കം വന്നു.
'ഇതിനിടെ ചേട്ടന്‍ കണ്ണൂര്‍ രാജന്റെ സഹായിയായി നാടകരംഗത്തെത്തി. തുടര്‍ന്ന്  ഒരു നാടകഗാനം പാടാന്‍ അവസരം ലഭിച്ചു. ബിച്ചു തിരുമലയെഴുതി രാജന്‍ സംഗീതസംവിധാനം നിര്‍വഹിച്ച' തുഷാര ബിന്ദുക്കളെ' എന്ന പ്രശസ്ത ഗാനം. എന്നാല്‍ ഈ പാട്ട് സിനിമയില്‍ പാടാന്‍ ഭാഗ്യം സിദ്ധിച്ചത് ജാനകിക്കാണ്.  ഈ സംഭവത്തോടെ എന്നെ സിനിമയില്‍ പാടിപ്പിക്കുക എന്ന ദൌത്യം കണ്ണൂര്‍ രാജന്‍ ഏറ്റെടുത്തു. അങ്ങനെയാണ് 1976 ല്‍ 'പുഷ്പ തല്‍പ്പത്തില്‍' എന്ന പാട്ടു സംഭവിക്കുന്നത്.'
പുതിയ തലമുറയിലെ ഗായകര്‍ നന്നായി പാടുമെന്ന് പറയുന്ന ലതികയ്ക്ക് അവര്‍ കൂറേക്കൂടി അര്‍പ്പണ മനോഭാവം കാട്ടണമെന്ന അഭിപ്രായമുണ്ട്. ജീവിതത്തില്‍ സംഭവിച്ചതെല്ലാം നല്ലതിന് എന്നു കരുതുന്ന ഈ ഗായിക ലതിക ടീച്ചര്‍ എന്ന കുട്ടികളുടെ വിളികളില്‍ സംതൃപ്തയാണ്.

aardra sangeetham